District News
പുത്തൂർ: മാന്ദാമംഗലം -വെള്ളക്കാരിത്തടത്ത് വീണ്ടും കാട്ടാന ഇറങ്ങി. രണ്ടാനകളാണ് തോട്ടിലിറങ്ങിയത്. തെങ്ങ്, വാഴ, ഇടവിളകൾ എന്നിവ കാട്ടാന നശിപ്പിച്ചു. കാട്ടാനയെ കണ്ട് തൊഴിലാളികളും കർഷകരും ജോലി മാറ്റിവച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറി. അതേസമയം കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളക്കാരിത്തടം ജനകീയ സമിതി പ്രവർത്തകർ കെ. രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ആനകളെ നിരീക്ഷിക്കാൻ എഐ സംവിധാനം ഏർപ്പെടത്തുനത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനകീയ സമരസമിതി ചെയർമാൻ വി.കെ. ഷാജി, സമരസമിതി കൺവീനർ ബാബു പനയ്ക്കൽ, ജോയിന്റ്് കൺവീനർ ബി.എസ്. എഡ്വിസൻ, പൗലോസ് തെറ്റയിൽ, തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
District News
കോതമംഗലം: മാമലക്കണ്ടം ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. ചാമപ്പാറ കോട്ടയ്ക്കകത്ത് ജോസഫിന്റെ (67) വീടിന് നേരെയാണ് ഒരു വര്‍ഷത്തിനിടെ മൂന്നാമതും ആക്രമണം ഉണ്ടായത്. വാതിലും ജനാലുകളും വീട്ടുസാധനങ്ങളും അടക്കം കഴിഞ്ഞ വര്‍ഷം ആനക്കൂട്ടം തകര്‍ത്തിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം വീട്ടുമുറ്റത്ത് ആനക്കൂട്ടത്തിന്റെ ശബ്ദംകേട്ട് ജോസഫ് വീടിന്റെ മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുമ്പ് രണ്ടു തവണ ആനക്കൂട്ടം വാതിലുകളും ജനലുകളും തകര്‍ത്തിരുന്നു. കിടപ്പുമുറിക്ക് മാത്രമാണ് വാതില്‍ ഉണ്ടായിരുന്നത്. വനത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് ആറേക്കര്‍ റബര്‍ത്തോട്ടത്തിന് സമീപത്തായാണ് ജോസഫിന്റെ വീട് .
വീടിനോട് ചേര്‍ന്നുള്ള ശൗചാലയവും അലമാരയും രണ്ട് കട്ടിലുകളും വീട്ടുപകരണങ്ങളും അഞ്ച് റബര്‍മരങ്ങളും ആനകള്‍ നശിപ്പിച്ചതായി ജോസഫിന്റെ മകന് ഡെനീഷ് പറഞ്ഞു. ഉദ്ദേശം ഒരു ലക്ഷംരൂപയുടെ നാശമുണ്ടായി. മുമ്പത്തെ ആക്രമണത്തെ തുടര്‍ന്ന് കിടപ്പുമുറി മാത്രമേ അടച്ചുറപ്പായിട്ട് ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച രാത്രിയിലെ ആക്രമണത്തോടെ വീട് വാസയോഗ്യമല്ലാതായി.
National
ചായിബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ. നാലു പേർക്കു പരിക്കേറ്റു. ചായിബാസ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആദിത്യ നാരായൺ ആണ് ഇക്കാര്യ അറിയിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും ബംഗാളിലെ ബങ്കുര ജില്ലയിൽനിന്നുള്ള വിദഗ്ധരും കാട്ടാനയെ വനത്തിലേക്കു തുരത്താൻ ശ്രമം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാത്രി ഒരു കുടുംബത്തിലെ നാലു പേർ അടക്കം ആറു പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു കുടുംബത്തിലെ മൂന്നു പേരടക്കം ഏഴു പേർ ഇതേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതിനെത്തുടർന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ചക്രധാർപുർ ഡിവിഷനിൽ ആറു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കാട്ടാനശല്യത്തിനു പരിഹാരം കാണുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡ വിമർശിച്ചു.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ (55) ആണ് മരിച്ചത്.
നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റിൽ ഇന്ന് രാവിലെ 9.10 തോടെയാണ് സംഭവം. ചാരൂ ടാപ്പിംഗിനുശേഷം അരയാട് എസ്റ്റേറ്റിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ റബർ മരത്തിനിടയിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ ഇയാൾ മരണപ്പെട്ടു. പിന്നീട് കാട്ടാന തോട്ടത്തിലൂടെ വനത്തിലേക്ക് പോകുകയും ചെയ്തു.
Kerala
ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്.
ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു.
ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി.
ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ സമയം മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി . രണ്ട് വർഷം മുൻപ് സിനേഷിനെ ബ്ലോക്ക് അഞ്ചിൽ വച്ച് ആന ഓടിച്ചിരുന്നു. ഫാമിനുള്ളിലെ മൺറോഡിൽ വച്ചായിരുന്നു അന്നത്തെ ആക്രമണം. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു.
Kerala
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്‍പതിൽ രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ. ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
ആദിത്തിനുനേരെ ആന ചിന്നംവിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.
കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിന്നംവിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു.
ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിൽ ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
District News
പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.